മമ്മൂട്ടിയുടെ അഭിനയനാൾ വഴികൾ

1971 ഓഗസ്റ്റ് 6നാണ് മമ്മൂട്ടി സിനിമാഭിനയ ജീവിതത്തിലെ തന്റെ ആദ്യ കഥാപാത്രം അവതരിപ്പിക്കുന്നത്. ചിത്രം : അനുഭവങ്ങള്‍ പാളിച്ചകള്‍. വഞ്ചിക്കാരനായ പേരില്ലാ കഥാപാത്രം അന്ന് മമ്മൂട്ടി അവതരിപ്പിക്കുമ്ബോള്‍ വെറുമൊരു ജൂനിയര്‍ ആര്‍ടിസ്റ്റ് എന്ന ലാഘവം മാത്രമേ അത് നല്കിയവര്‍ക്കും കണ്ടു നില്‍ക്കുന്നവര്‍ക്കും തോന്നിക്കാണൂ. എന്നാല്‍ പിന്നീട് കാലം കാത്തുവച്ചത് പി.ഐ. മുഹമ്മദ് കുട്ടിയില്‍ നിന്നും തലമുറകള്‍ വാഴ്ത്തിപ്പാടുന്ന മെഗാസ്റ്റാര്‍ മമ്മൂട്ടി എന്ന നായകനിലേക്ക് ഉള്ള ജൈത്രയാത്രയായിരുന്നു. മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിന്റെ തുടക്കം 1971ല്‍ ആയിരുന്നെങ്കിലും മലയാളസിനിമയുടെ മുഖ്യധാരയിലെ നിറസാന്നിധ്യമായി അദ്ദേഹം മാറിയത് 80കളുടെ തുടക്കത്തിലാണ്. വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍ (1980) എന്ന എം.ടി. വാസുദേവന്‍ നായര്‍ ചിത്രം അതിനു വഴിയൊരുക്കി. പിന്നീട് അന്നത്തെ സിനിമാ ശൈലിയോട് ചേര്‍ന്നു നിന്ന് അനവധി ഹിറ്റുകള്‍ ഉണ്ടാക്കാന്‍ സാധിച്ചുവെങ്കിലും മമ്മൂട്ടി എന്ന നടന് വേറിട്ട, അല്ലെങ്കില്‍ അഭിനയ സാധ്യതയുള്ള കഥാപാത്രങ്ങള്‍ ലഭിച്ചു തുടങ്ങിയത് 1982ല്‍ പുറത്തിറങ്ങിയ യവനിക എന്ന കെ.ജി. ജോര്‍ജ്ജ് ചിത്രത്തിലൂടെയാണ്. മമ്മൂട്ടി എന്ന മഹാനടന്റെ വിജയചരിത്രമോ അഭിനയ മികവോ വിശകലനം ചെയ്യുകയല്ല, മറിച്ച്‌ 48 വര്‍ഷത്തെ സിനിമാഭിനയ ജീവിതത്തില്‍ അദ്ദേഹത്തിന് വെല്ലുവിളി ഉയര്‍ത്തിയ കഥാപാത്രങ്ങളും അവയെ അദ്ദേഹം സമീപിച്ച രീതിയും മമ്മൂട്ടിയെ ഇന്ന് കാണുന്ന മെഗാസ്റ്റാര്‍ ആക്കി മാറ്റിയ സഹചാര്യങ്ങളും ഒന്ന് നോക്കിക്കാണാന്‍ ശ്രമിക്കുകയാണ്.

മമ്മൂട്ടിയുടെ കഥാപാത്രങ്ങളിലൂടെ ഒന്ന് കണ്ണോടിച്ചാല്‍ ആദ്യകാലങ്ങളില്‍ അദ്ദേഹത്തിനുണ്ടായിരുന്ന പരിമിതികളും, അവയെയെല്ലാം അത്ഭുതകരമായി അതിജീവിക്കുന്ന ആര്‍ജ്ജവത്തെയും വ്യക്തമായും കാണാം. തുടക്കകാലത്ത് ഡയലോഗ് പറയുമ്ബോള്‍ അതിനൊപ്പിച്ച്‌ കൈകള്‍ ചലിപ്പിക്കുന്ന ഒരു രീതി അദ്ദേഹത്തിന് ഉണ്ടായിരുന്നു. വളരെ പരുക്കനും ആദര്‍ശശാലിയും, പൗരുഷമുള്ളതുമായ കഥാപാത്രങ്ങളുടെ ചട്ടക്കൂട്ടില്‍ ഒതുങ്ങിപ്പോയിരുന്നു അദ്ദേഹം. അത്തരമൊരു സാഹചര്യത്തില്‍, അദ്ദേഹത്തിന്റെ രക്ഷയ്ക്കെത്തിയത് പത്മരാജന്‍ എന്ന എഴുത്തുകാരനായ സംവിധായകനാണ്. മമ്മുക്കായുടെ അഭിനയശൈലിയെ സമര്‍ത്ഥമായി ഉപയോഗപ്പെടുത്തിയ കൂടെവിടെ എന്ന ചിത്രത്തില്‍ ആരംഭിച്ച്‌, കാണാമറയത്ത്, കരിയിലക്കാറ്റുപോലെ, അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍, തിങ്കളാഴ്ച നല്ല ദിവസം തുടങ്ങി ഒരുപിടി വ്യത്യസ്ത ചിത്രങ്ങള്‍ സമ്മാനിക്കാന്‍ പത്മരാജന് കഴിഞ്ഞു. ഈ കാലയളവില്‍ മമ്മൂക്കയെ ശക്തമായി പിന്തുണച്ച മറ്റൊരു സംവിധായകനാണ് ശ്രീ ജോഷി. കാമ്ബുള്ള കഥാപാത്രങ്ങള്‍ക്ക് ഒപ്പം തന്നെ വമ്ബന്‍ വിജയങ്ങളും സമ്മാനിക്കാന്‍ ജോഷിക്ക് സാധിച്ചു. നിറക്കൂട്ടും ശ്യാമയുമൊക്കെ അക്കാലത്തെ വമ്ബന്‍ വിജയങ്ങള്‍ കൈവരിച്ച ചിത്രങ്ങളായിരുന്നു.

പ്രണാമം, കാതോട് കാതോരം, അമരം, പാഥേയം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിലെ ഇതിഹാസ സംവിധായകന്‍ ഭരതനും മമ്മൂട്ടി എന്ന നടനെ അളക്കുന്ന വേഷങ്ങള്‍ അദ്ദേഹത്തിന് നല്‍കി. ഇതില്‍ അമരം എന്ന വലിയ വിജയമായ സിനിമയില്‍ മറ്റൊരു നടനും ചെയ്തു ഫലിപ്പിക്കാനാവാത്ത അത്ര പെര്‍ഫെക്ഷനിലാണ് സുന്ദരനായ മമ്മൂട്ടി മുക്കുവനായ അച്ചൂട്ടിയെ അവതരിപ്പിച്ചത്. ചെമ്മീന്റെ 25 വര്‍ഷം ആഘോഷിക്കുന്ന വേളയില്‍ റിലീസ് ചെയ്ത അമരം ഒരു ചരിത്രം ആയി മാറുകയായിരുന്നു.

ഒരു നടന്‍ എന്ന നിലയിലും താരം എന്ന നിലയിലും ആദ്യ കാലങ്ങളില്‍ മമ്മൂക്കയുടെ വളര്‍ച്ചയുടെ നട്ടെല്ലായി മാറിയത് സത്യത്തില്‍ ഈ കാലഘട്ടത്തിലെ ഐ.വി ശശി ചിത്രങ്ങളായിരുന്നു. കാണാമറയത്ത്, ആള്‍ക്കൂട്ടത്തില്‍ തനിയെ, വാര്‍ത്ത, അനുബന്ധം, ആവനാഴി, അതിരാത്രം തുടങ്ങിയ ചിത്രങ്ങളൊക്കെ വമ്ബന്‍ വിജയങ്ങളും മികച്ച കഥാപാത്രങ്ങളും സമ്മാനിച്ചവയും ആയിരുന്നു.

ഈ കാലഘട്ടത്തില്‍ മമ്മൂക്ക ചെയ്ത ഏറ്റവും മികച്ച കഥാപാത്രം ഒരുപക്ഷേ, ഭദ്രന്‍ സംവിധാനം ചെയ്ത പൂമുഖപ്പടിയില്‍ നിന്നെയും കാത്ത് എന്ന സിനിമയിലെ സംശയരോഗിയായ ഭാര്യയുടെ മുന്നിലെ നിസ്സഹായരായ ഭര്‍ത്താവിന്റേതാണ്. ശ്രീവിദ്യ തകര്‍ത്തഭിനയിച്ച ചിത്രത്തില്‍ അവര്‍ക്കൊപ്പമോ ഒരുപക്ഷേ അവരേക്കാള്‍ ഒരുപടി മുകളിലോ പെര്‍ഫോം ചെയ്തു മമ്മുക്ക. ഇന്നും പ്രാധാന്യം നശിച്ചു പോകാത്ത ഒരു വിഷയത്തെ അങ്ങേയറ്റം കൈയ്യടക്കത്തോടെ 1986ല്‍ ഭദ്രന്‍ ഈ ചിത്രത്തില്‍ അവതരിപ്പിച്ചു. മമ്മൂക്കയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രമാണ് ബാലുമഹേന്ദ്ര സംവിധാനം ചെയ്ത യാത്ര എന്ന ചിത്രത്തിലെ ഉണ്ണികൃഷ്ണന്‍ എന്ന ഫോറസ്റ്റ് ഓഫീസര്‍. തന്റെ കരിയറില്‍ അപൂര്‍വമായി മാത്രം അവതരിപ്പിച്ചിട്ടുള്ള കാമുക വേഷങ്ങളില്‍ ഏറ്റവും മികച്ചത് യാത്രയിലെ ഉണ്ണിയാണ്.

മമ്മൂട്ടി എന്ന നടന്റെ കരിയറിലെ സുവര്‍ണ്ണ കാലഘട്ടം ആരംഭിക്കുന്നത് 1987 മുതലാണ് എന്നു പറയാം. ന്യൂഡല്‍ഹി, തനിയാവര്‍ത്തനം, മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍, അനന്തരം തുടങ്ങിയ ഒന്നിനൊന്ന് വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ കടന്നുപോയ വര്‍ഷമായിരുന്നു 87. ഇവിടം മുതലാണ് ഒരു നടന്‍ എന്ന നിലയില്‍ താന്‍ അനുവര്‍ത്തിച്ചു പോരുന്ന ശൈലിയെ ഉടച്ചു വാര്‍ക്കാന്‍ മമ്മുക്ക ശ്രമിച്ചു തുടങ്ങുന്നത്. തനിയാവര്‍ത്തനത്തിലെ ബാലന്‍ മാഷ് എന്ന കഥാപാത്രത്തില്‍, ശൈലി മാറ്റിപ്പിടിച്ച്‌തുടങ്ങിയ മമ്മൂക്കയെ കാണാം.

ഒരു സിബിഐ ഡയറിക്കുറിപ്പ്, സംഘം, ഓഗസ്റ്റ് 1, 1921, തന്ത്രം, മുക്തി തുടങ്ങിയവയായിരുന്നു അടുത്ത വര്‍ഷത്തെ ശ്രദ്ധേയ ചിത്രങ്ങള്‍.ഇതില്‍ തന്ത്രവും മുക്തിയും വലിയ വിജയ ചിത്രങ്ങള്‍ ആയില്ല എങ്കില്‍ പോലും തീര്‍ത്തും വ്യത്യസ്തങ്ങളായിരുന്നു ഈ രണ്ടു കഥാപാത്രങ്ങളും. മമ്മൂക്കയുടെ ആദ്യത്തെ ശ്രദ്ധേയമായ അച്ചായന്‍ കഥാപാത്രമായിരുന്നു സംഘത്തിലെ കുട്ടപ്പായി. അതിനടുത്ത വര്‍ഷം, അതായത് 1989 ല്‍ പുറത്തുവന്ന ശ്രദ്ധേയമായ മമ്മൂട്ടി ചിത്രങ്ങളാണ് ഒരു വടക്കന്‍ വീരഗാഥ, ഉത്തരം, അര്‍ത്ഥം അഥര്‍വം, നായര്‍സാബ്, മഹായാനം, മൃഗയ തുടങ്ങിയവ.

തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ കടന്നു വന്ന ചിത്രങ്ങളായ പുറപ്പാട്, കോട്ടയം കുഞ്ഞച്ചന്‍, മതിലുകള്‍, മിഥ്യ, കളിക്കളം, അയ്യര്‍ ദ ഗ്രേറ്റ്, നയം വ്യക്തമാക്കുന്നു, കൗരവര്‍, അമരം, സൂര്യമാനസം, ജോണിവാക്കര്‍, ധ്രുവം, ആയിരപ്പറ, വാത്സല്യം, പാഥേയം, വിധേയന്‍, പൊന്തന്‍മാട, സുകൃതം, മഴയെത്തും മുമ്ബേ തുടങ്ങിയ ചിത്രങ്ങള്‍ ശ്രദ്ധിച്ചാല്‍ ഈ നടനില്‍ അതിവേഗം സംഭവിച്ച ട്രാന്‍സിഷന്‍ വ്യക്തമാകും. 1988 മുതല്‍ 1994 വരെ ഉള്ള ഈ കാലഘട്ടത്തില്‍, അതുവരെയുള്ള ശൈലിയെ അപ്പാടെ ഉടച്ചുവാര്‍ക്കുകയായിരുന്നു മമ്മൂട്ടി.

ഒരേസമയം തിയേറ്ററിലെത്തിയ വിധേയനിലും പൊന്തന്‍മാടയിലും അഭിനയത്തിന്റെ രണ്ടറ്റത്ത് നില്‍ക്കുന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ച്‌ ഫലിപ്പിച്ചപ്പോള്‍ രാജ്യം അദ്ദേഹത്തിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നല്‍കി ആദരിച്ചു. വിധേയനില്‍ അദ്ദേഹം ജന്മിയായി മാറിയപ്പോള്‍, പൊന്തന്‍മാടയില്‍ മാട എന്ന അടിയാന്‍ ആയിട്ടാണ് അഭിനയിച്ചത്.വിധേയനിലെ കന്നട കലര്‍ന്ന മലയാളം ഏറ്റവും സ്വാഭാവികമായി അവതരിപ്പിക്കപ്പെട്ടപ്പോള്‍ മാടയില്‍ തോളൊക്കെ അല്‍പം കൂനി, അടിയാന്മാരുടെ എല്ലാ സവിശേഷതകളും ആവാഹിച്ച കഥാപാത്രമായി മാറുകയായിരുന്നു അദ്ദേഹം. കേവലമൊരു ഫാന്‍സി ഡ്രസ്സ് ആയി മാറാതെ കാമ്ബുള്ള കഥാപാത്രമായി വാറുണ്ണിയെ മാറ്റിയെടുക്കാന്‍ കഴിഞ്ഞത് മമ്മൂക്കയുടെ അഭിനയ ചാതുരി കൊണ്ടു മാത്രമാണ്. ഭീമന്‍ രഘുവിന്റെ കഥാപാത്രത്തിന് പേയ് പിടിക്കുമ്ബോഴും, ഒടുവില്‍ തന്റെ സന്തത സഹചാരിയായ നായയെ വെടിവെച്ചു കൊല്ലേണ്ടി വരുമ്ബോഴും ഒക്കെ ഉള്ള എക്സ്പ്രഷന്‍സ് അതിഗംഭീരമായിരുന്നു. ഒരു രാഷ്ട്രീയക്കാരന്റെ ജീവിതത്തോടുള്ള യാഥാര്‍ത്ഥ്യ പൂര്‍ണമായ നേര്‍ക്കാഴ്ചയായിരുന്നു നയം വ്യക്തമാക്കുന്നു എന്ന ബാലചന്ദ്ര മേനോന്‍ ചിത്രത്തിലെ കഥാപാത്രം.

അന്നോളം ചെയ്തവയില്‍ ഏറ്റവും സ്റ്റൈലിഷായ മമ്മൂക്കയെ കാണാന്‍ സാധിച്ചത് ജോണിവാക്കറിലും കളിക്കളത്തിലും ആണ്. മമ്മൂട്ടി എന്ന നടന്റെ ഏറ്റവും വലിയ പരിമിതിയായ, നൃത്തം ചെയ്യുക എന്ന വെല്ലുവിളിയെ ഏറ്റവും സമര്‍ത്ഥമായി ഉപയോഗിച്ചത് ജോണിവാക്കറിലാണ്. മമ്മൂക്ക എന്ന ഡാന്‍സറുടെ പരിമിതി അറിഞ്ഞുകൊണ്ട് ചിട്ടപ്പെടുത്തിയ ഗാനത്തിന് നന്ദി പറയേണ്ടത് പ്രഭുദേവ എന്ന നൃത്ത സംവിധായകനോടാണ്. അതുകൊണ്ടാണ് ശാന്തമീ രാത്രിയില്‍ എന്ന ഗാനം ഇന്നും ഓര്‍മിക്കപ്പെടുന്നത്.

എം.ടി. വാസുദേവന്‍ നായരുടെ സുകൃതത്തിലെ രവി എന്ന കഥാപാത്രവും മമ്മൂട്ടി എന്ന നടന്റെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ്. വിട്ടുപോയ ജീവിതം തിരികെ പിടിക്കുമ്ബോള്‍ ഉള്ള ആത്മവിശ്വാസവും, അതിന് ശേഷം എല്ലാം നഷ്ടപ്പെട്ടവനായി മാറുമ്ബോഴുള്ള നിസ്സഹായതയും ഒക്കെ അതുവരെ കാണാത്ത ശൈലിയില്‍ അദ്ദേഹം അവതരിപ്പിച്ചു അതിശയിപ്പിച്ചു.

ലോഹിതദാസ് എന്ന എഴുത്തുക്കാരന്‍ മമ്മൂട്ടി എന്ന നടന് ഏറ്റവും മികച്ച കഥാപാത്രങ്ങളെ നല്‍കി അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ നിര്‍ണ്ണായക സ്വാധീനമായി മാറി. തനിയാവര്‍ത്തനം എന്ന ലോഹിയുടെ ആദ്യ ചിത്രം തന്നെ അതുവരെ നാം കാണാത്ത മമ്മൂട്ടിയിലെ നടനെ നമുക്ക് കാണിച്ചുതന്നു. കുടുംബ സാമൂഹിക അന്ധവിശ്വാസ സാഹചര്യങ്ങള്‍ക്കൊണ്ട് ഭ്രാന്തന്‍ ആകേണ്ടി വരുന്ന ബാലന്‍ മാഷ് എന്ന കഥാപാത്രത്തെ മമ്മൂട്ടി ജീവിച്ചു കാണിച്ചു അനശ്വരമാക്കി. അതിന് ശേഷം കുടുംബപ്രേക്ഷകര്‍ എന്നും അവരുടെ ഏറ്റവും പ്രിയപ്പെട്ട ചിത്രമായി കാണുന്ന വാത്സല്യവും, ആക്ഷന്‍ മൂവി കൗരവരും, മുക്കുവന്റെ ജീവിതം പറഞ്ഞ അമരവും, പുലി വേട്ടക്കാരന്‍ ആയ മൃഗയയും, നത്ത് എന്ന രസകരമായ കഥാപാത്രമായി എത്തിയ കനല്‍ക്കാറ്റും, കോഴി സ്വഭാവമുള്ള കഥാപാത്രമായെത്തിയ കുട്ടേട്ടനും എല്ലാം ലോഹി മമ്മൂട്ടിക്കായി എഴുതിയ സിനിമകളായിരുന്നു. ഉദ്യാനപാലകനിലും, ഭൂതക്കണ്ണാടിയിലും തീര്‍ത്തും വേറിട്ട ഒരു മമ്മൂട്ടിയെയാണ് പ്രേക്ഷകന് കാണാന്‍ സാധിച്ചത്. സൗമ്യനും നിസ്സഹായനുമായ ഒരു റിട്ടയേര്‍ഡ് പട്ടാളക്കാരന്‍ ആയിട്ടാണ് അദ്ദേഹം ഉദ്യാനപാലകനില്‍ അഭിനയിച്ചത്. ഭൂതക്കണ്ണാടി എന്ന ചിത്രത്തിലെ അദ്ദേഹത്തിന്‍റെ പ്രകടനത്തെ ഔട്ട്സ്റ്റാന്‍ഡിങ്ങ് എന്നേ പറയാനുള്ളൂ. തന്‍റെ അഭിനയ സങ്കേതത്തില്‍ നിന്നും തീര്‍ത്തും വ്യത്യസ്ത ശൈലിയിലുള്ള കഥാപാത്രമായിരുന്നു ഭൂതക്കണ്ണാടിയിലെ വിദ്യാധരന്‍. വിദ്യാധരന് എല്ലാത്തിനോടും പേടിയാണ്. തന്റെ മുന്നിലൊരു ഭീഷണിയായി തോക്കുമേന്തി വരുന്ന വില്ലന്റെ തോക്ക് തട്ടി മാറ്റുന്നതില്‍ പോലും അയാളുടെ ഭയം കാണാം. തുടര്‍ന്നു വന്ന കുറച്ചു വര്‍ഷങ്ങളില്‍ മികച്ച കഥാപാത്രങ്ങള്‍ അധികമൊന്നും അദ്ദേഹത്തെ തേടിയെത്തിയില്ല. ഇടയ്ക്ക് വന്ന അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലെ രവി എന്ന കഥാപാത്രം മാത്രമായിരുന്നു മികച്ചതെന്ന് പറയാന്‍ കഴിയുന്നത്.

മമ്മൂട്ടി എന്ന നടന്‍ വീണ്ടും ഊര്‍ജ്ജം കൈവരിക്കുന്നത് 2002ന് ശേഷമാണ്. ഡാനി എന്ന കഥാപാത്രത്തെ വിജയകരമായി അവതരിപ്പിച്ച ശേഷം തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ കാഴ്ചയിലെ മാധവനായും, രാപ്പകലിലെ കൃഷ്ണനായും, പോത്ത് കച്ചവടക്കാരന്‍ രാജമാണിക്യമായും, കേരളത്തില്‍ കുടിയേറിയ തമിഴനായ, കറുത്ത പക്ഷികളിലെ മുരുകനായും, പളുങ്കിലെ ഇടുക്കിക്കാരന്‍ മോനിച്ചനായും, കയ്യൊപ്പിലെ ബാലചന്ദ്രന്‍ ആയും, Big B ആയും, കഥ പറയുമ്ബോളിലെ അശോക് രാജായും, ഒരേ കടലിലെ ഡോക്ടര്‍ നാഥനായും, മൈക്ക് ഫീലിപ്പോസ് ആയും, പഴശ്ശിരാജയായും, മുരിക്കിന്‍ കുന്നത്ത് അഹമ്മദ് ഹാജിയായും, പ്രാഞ്ചിയേട്ടനായും, ശരീരഭാഷയിലും ശബ്ദ നിയന്ത്രണത്തിലും ഉള്‍പ്പെടെ ശ്രദ്ധിച്ച്‌ കാലത്തിന്‍റെ മാറ്റങ്ങള്‍ക്കൊപ്പം സഞ്ചരിച്ച്‌ അവിസ്മരണീയമായ അനവധി കഥാപാത്രങ്ങള്‍ നല്‍കിയ മമ്മുക്കയെ കാണാം. രാജമാണിക്യത്തിലൊക്കെ, ചിത്രത്തിലുടനീളം consistent തിരുവനന്തപുരം സ്ലാങ്ങ് നിലനിര്‍ത്തിയത് എടുത്ത പറയേണ്ടുന്ന കാര്യമാണ്.

കറുത്ത പക്ഷികളിലെ മുരുകന്റെ ശരീരഭാഷയ്ക്കും ഉണ്ട് ഏറെ സവിശേഷത. അയാളുടെ നോട്ടവും സംസാരവും ഒക്കെ തീര്‍ത്തും വേറിട്ട രീതിയിലാണ്. രാപ്പകലിലെ കൃഷ്ണനോട് കുടുംബ ഫോട്ടോ എടുക്കുന്നിടത്തു നിന്ന് എഴുന്നേറ്റ് പോകാന്‍ പറയുമ്ബോള്‍, മുണ്ടിലെ പൊടിയും തട്ടി നിസ്സംഗനായി നടന്നുമറയുന്ന കൃഷ്ണന്‍, മമ്മൂക്കയുടെ അനായാസ അഭിനയ ശൈലിയുടെ വലിയൊരു ഉദാഹരണമാണ്. ഈ ചിത്രത്തിലെ തന്നെ മറ്റൊരു രംഗത്തില്‍ തലയില്‍ ചുമന്നു കൊണ്ടു വരുന്ന ചാക്കില്‍ പഞ്ഞിക്കെട്ട് ആയിരുന്നു എന്ന് അറിഞ്ഞപ്പോള്‍ ഈ നടനോടുള്ള ബഹുമാനം അറിയാതെ കൂടിപ്പോയി. തലയിലിരിക്കുന്ന ഭാരമൊക്കെ കൃത്യമായി ബാലന്‍സ് ചെയ്തുള്ള ആ നടത്തത്തിന്റെ സ്വാഭാവികത അത്ര എളുപ്പത്തിലൊന്നും ചെയ്തു ഫലിപ്പിക്കാന്‍ പറ്റുന്ന ഒന്നല്ല.

ഈ അനായാസത, ലൗഡ്സ്പീക്കര്‍ എന്ന ചിത്രത്തിന്‍റെ ക്ലൈമാക്സില്‍ മൈക്ക് ഫീലിപ്പോസ് തടിക്കഷണം താങ്ങി കൊണ്ടു വരുന്ന സീനിലും വേറിട്ടൊരു തരത്തില്‍ കാണാം.അഭിനയത്തിലെ ഒരു കൂടുവിട്ടു കൂടുമാറല്‍ പോലെ വ്യത്യസ്തമായിരുന്നു മൈക്ക് ഫിലിപ്പോസ്. അതേ വര്‍ഷം തന്നെ പുറത്തിറങ്ങിയ പാലേരിമാണിക്യത്തിലെ മുരുക്കിന്‍ കുന്നത്ത് അഹമ്മദ് ഹാജി എന്ന കഥാപാത്രം മമ്മൂട്ടിയിലെ versatile നടനുള്ള ഏറ്റവും വലിയ ഉദാഹരണമാണ്.

2010-ന് ശേഷം മികച്ച കഥാപാത്രങ്ങളുടെ ഒരു ദാരിദ്ര്യം വീണ്ടും കുറച്ചൊക്കെ അദ്ദേഹത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്.ആ വര്‍ഷം പുറത്തുവന്ന കുട്ടിസ്രാങ്കിനും ബെസ്റ്റ് ആക്ടറിനും ശേഷം പിന്നെ ഒരു വെല്ലുവിളിയുയര്‍ത്തുന്ന കഥാപാത്രം ലഭിച്ചത് മുന്നറിയിപ്പിലെ രാഘവനിലൂടെയാണ്. അതിനുശേഷം ഒരു പള്ളിക്കല്‍ നാരായണനെ ലഭിച്ചു. ഇപ്പോള്‍ 2019 എത്തിനില്‍ക്കുമ്ബോള്‍ തമിഴ് സിനിമയില്‍ പേരന്‍ബ് എന്ന ചിത്രത്തിലൂടെ സാന്നിധ്യം അറിയിച്ച മമ്മൂട്ടി വിസ്മയിപ്പിക്കുന്ന സ്വാഭാവിക അഭിനയം കാഴ്ചവച്ചു. തെലുങ്കില്‍ രാഷ്ട്രീയ നേതാവ് വൈ.എസ്.ആര്‍ ആയി പകര്‍ന്നാട്ടം നടത്താനും മമ്മൂട്ടിക്ക് 2019ല്‍ കഴിഞ്ഞു അതോടൊപ്പം മലയാളത്തില്‍ അദ്ദേഹത്തിന് ഈ വര്‍ഷം കിട്ടിയ മികച്ച കഥാപാത്രം ഉണ്ട എന്ന ചിത്രത്തിലെ എസ്.ഐ. മണികണ്ഠന്‍ എന്ന വേഷമാണ്. തീര്‍ത്തും സാധാരക്കാരന്റെ തന്മയത്വത്തോടെ മമ്മൂട്ടി പ്രേക്ഷകര്‍ക്ക് തന്റെ അഭിനയ പാടവം കാണിച്ചുകൊടുത്തു.

അനശ്വര ഗാനങ്ങള്‍ അധികമൊന്നും ഇല്ലാതെ, വലിയൊരു റൊമാന്‍റിക് ഹീറോ ആവാതെ, അതിഭീകരമായ ആക്ഷന്‍ രംഗങ്ങള്‍ സമ്മാനിക്കാതെ, നൃത്തം ചെയ്യാതെ നാല്‍പ്പതോളം വര്‍ഷങ്ങള്‍ പ്രേക്ഷകനെ വിസ്മയിപ്പിക്കാന്‍ ഈ മനുഷ്യന് സാധിച്ചുവെങ്കില്‍, അയാള്‍ വെറുമൊരു ഒരു നടനല്ല. അദ്ദേഹത്തിന്റെ ഈ പ്രായത്തില്‍ ഏതെങ്കിലുമൊരു ഭാഷയില്‍ ഏതെങ്കിലും ഒരു നടന്‍ ഇതുപോലെ നിറസാന്നിധ്യമായി നിലനില്‍ക്കുന്നുണ്ടോ, അല്ലെങ്കില്‍ നിലനിന്നിട്ടുണ്ടോ എന്നൊന്ന് ചികഞ്ഞുനോക്കിയാല്‍ മനസ്സിലാവും മമ്മൂട്ടി എന്ന നടന്റെ വില. ഇവിടെയാണ് ഒരു നടന്‍ ഇതിഹാസമായി മാറുന്നത്.

തന്റെ സിനിമാഭിനയ ജീവിതത്തിന്റെ 48 വര്‍ഷങ്ങള്‍ തികയുന്ന ഈ വേളയിലും മമ്മൂട്ടി എന്ന നടന്‍ വിവിധ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് വിസ്മയമായി തുടരുകയാണ്. അദ്ദേഹം വെല്ലുവിളി ഉയര്‍ത്തുന്നത് ഇവിടുത്തെ എഴുത്തുകാരോടും സംവിധായകരോടുമാണ്. ആ നടന്റെ കാലിബറിനൊത്ത കഥാപാത്രങ്ങള്‍ ഒരുക്കേണ്ടത് ഇനി അവരാണ്. അങ്ങനെയെങ്കില്‍ ഇനിയുമേറെ അനശ്വര കഥാപാത്രങ്ങള്‍ക്ക് സാക്ഷിയാവാന്‍ മലയാളികള്‍ക്ക് സാധിക്കും. ഇനിയും ദാഹം തീരാതെ അതിശയങ്ങള്‍ ഏറെ ഇനിയും പുറത്തെടുക്കാന്‍ പ്രാപ്തിയുള്ള മമ്മൂട്ടി എന്ന മഹാനടന്‍ കാത്തിരിക്കുകയാണ് തന്നെ പരീക്ഷിക്കുന്ന കഥാപാത്രങ്ങള്‍ക്കായി.. അതിലൂടെ ഇനിയുമേറെ സിനിമകള്‍ക്കായി.. ഒപ്പം പ്രേക്ഷകരും.. സിനിമാഭിനയസപര്യയുടെ 48 വര്‍ഷങ്ങള്‍ കൊണ്ടാടുന്ന മഹാനടന്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് സര്‍വ്വാദരവോടെ ആശംസകള്‍ നേരുന്നു.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.