ചേട്ടന് ഇഷ്ടം മീര ജാസ്മിനെ. എനിക്ക് നവ്യ നായരെ. അന്ന് പറഞ്ഞതെല്ലാം അടിവരയിട്ട സത്യങ്ങൾ മാത്രം..ചേട്ടന് സത്യസന്ധനായതാണ് ഞങ്ങളുടെ വീട്ടിലെ യഥാർത്ഥപ്രശ്നം..ഞാൻ എത്തിയതോടെ പൊട്ടിപ്പാളീസായ നാടകങ്ങൾ!!!

യുഗാന്തരങ്ങളുടെ ചരിത്രമുള്ള സിനിമക്ക് തന്റേതായ കയ്യൊപ്പ് ചാർത്തിയ നടനാണ് ശ്രീനിവാസൻ. ശ്രീനിയുടെ മക്കളായ വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും സിനിമാരംഗത്ത് ഏറെ സജീവമാണ്. പാട്ടും അഭിനയവും സിനിമാസംവിധാനവുമായി വിനീത് മലയാളസിനിമയിൽ തന്റെ സ്ഥാനം ഉറപ്പിച്ചപ്പോൾ ധ്യാൻ യുവതാരനിരയിലെ ശ്രദ്ധേയനായ നടനായി മാറുകയായിരുന്നു. ‘സത്യം മാത്രമേ ബോധിപ്പിയ്ക്കൂ’ എന്ന സിനിമയിലൂടെയാണ് ഇപ്പോൾ ധ്യാൻ ആരാധകരിലേക്കെത്തുന്നത്. സിനിമയുടെ പ്രൊമോഷന് വേണ്ടി ധ്യാൻ ചില ഓൺലൈൻ ചാനലുകളുടെ

അഭിമുഖ പരിപാടികളിൽ ഈയിടെ പങ്കെടുത്തിരുന്നു. കുറച്ച് നാള്‍ മുന്‍പ് ശ്രീനിവാസനും കുടുംബവും കൈരളി ചാനലിന് നല്‍കിയ ഒരു പഴയകാല അഭിമുഖം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ആ അഭിമുഖങ്ങളിലെല്ലാം ധ്യാൻ ശ്രീനിവാസന്റെ നിഷ്കളങ്കമായ തുറന്നുപറച്ചിലുകളായിരുന്നു പ്രേക്ഷകരെ ഏറെ ആകർഷിച്ചത്. അന്ന് പറഞ്ഞതെല്ലാം ശരിയായിരുന്നുവെന്നാണ് ധ്യാൻ ഇപ്പോൾ പ്രേക്ഷകരോട് തുറന്നുപറയുന്നത്. അച്ഛനും ചേട്ടനും ഉണ്ടാക്കി വച്ച ഇമേജിന്റെ പുറത്ത് തന്നെയാണ് താന്‍ ഇപ്പോഴും എന്ന് ധ്യാന്‍ മനസ് തുറക്കുന്നു. അവര്‍ക്കിടയിലേക്ക് എത്താന്‍ തനിക്ക്

ഇതുവരെയും സാധിച്ചിട്ടില്ല. അച്ഛനെയും ചേട്ടനെയും കണ്ട് പഠിക്ക് എന്നാണ് അമ്മ എപ്പോഴും പറയാറുള്ളത്. നവ്യാ നായരോടായിരുന്നു തനിക്ക് ഏറെ ഇഷ്ടം. നന്ദനവും വെള്ളിത്തിരയും നൽകിയ അനുഭൂതി ഏറെ വലുതാണ്. ചേട്ടന് ഇഷ്ടം മീര ജാസ്മിനോടായിരുന്നു. അക്കാലത്ത് ചേട്ടന്‍ വളരെ സത്യസന്ധനായതായിരുന്നു പ്രശ്‌നം. ഒരാള്‍ സത്യങ്ങള്‍ മാത്രം പറയുമ്പോള്‍ വീട്ടിലെ മറ്റേയാളുടെ കള്ളത്തരം വേഗം കണ്ടുപിടിക്കുമല്ലോ. ഇപ്പോള്‍ താൻ സത്യം പറഞ്ഞാലും വിശ്വസിക്കാത്ത അവസ്ഥയാണ് വീട്ടിലുള്ളതെന്ന് ധ്യാൻ പറയുന്നു. പാട്ടുപാടുന്ന കാര്യത്തിൽ ഒരുപടി പോലും

മുന്നോട്ടുകയറാൻ കഴിഞ്ഞില്ല. ഇപ്പോഴും താൻ പാട്ടുപാടിയാൽ നിങ്ങളൊക്കെ എഴുന്നേറ്റുപോകുമെന്നാണ് ധ്യാൻ പറയുന്നത്. നാടകത്തിൽ കുട്ടിക്കാലത്ത് അഭിനയിച്ചിരുന്നെന്നും എന്നാൽ എല്ലായ്പ്പഴും സ്കൂളിലെ ഡ്രാമ ടീമിന് കിട്ടിക്കൊണ്ടിരുന്ന ഒന്നാം സ്ഥാനം താൻ ഡ്രാമയുടെ ഭാഗമായതോടെ ഇല്ലാതായി എന്നതാണ് യഥാർത്ഥ സത്യമെന്നും ധ്യാൻ വളരെ രസകരമായി പറയുന്നുണ്ട്. എന്തായാലും ഇപ്പോൾ ധ്യാനിന്റെതായി പ്രത്യക്ഷപ്പെടുന്ന എല്ലാ അഭിമുഖങ്ങളും പ്രേക്ഷകർക്ക് ഏറെയിഷ്ടപ്പെടുന്നുണ്ട്.